അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന് പിന്നാലെ റഷ്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഭാരതം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരതത്തിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയം ആവർത്തിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളും വിപണിയിലെ വിലയും പരിഗണിച്ചായിരിക്കും എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ തീരുമാനമെടുക്കുകയെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. “ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പരമമായ മുൻഗണനയാണ്. വിപണി സാഹചര്യങ്ങൾക്കും മാറുന്ന അന്താരാഷ്ട്ര ചലനങ്ങൾക്കും അനുസരിച്ച് സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക എന്നത് നമ്മുടെ തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഈ താല്പര്യം മുൻനിർത്തി മാത്രമായിരിക്കും,” അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ലാഭകരമായ രീതിയിൽ എണ്ണ ലഭ്യമാണെങ്കിൽ അത് വാങ്ങുന്നതിൽ ഭാരതം തുറന്ന മനസ്സ് പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിലൂടെയാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നും ഇത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാദം. ഇന്ത്യയിലെ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ച കരാർ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.











Discussion about this post