വത്തിക്കാൻസിറ്റി: വിശ്വ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന സന്ദേശമാണ്. അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.
ലോകത്തിന്റെ നന്മക്കായി മതങ്ങൾ ഒരുമിച്ച് എന്നതാണ് സർവമത സമ്മേളനത്തിന്റെ സന്ദേശം. ഈ വിഷയം വർത്തമാനകാലഘട്ടത്തിൽ വളരെ പ്രസക്തമാണെന്നും മാർപാപ്പ പറഞ്ഞു.
ഇറ്റലി, ബെഹ്‌റൈൻ, ഇൻഡോനേഷ്യ, അയർലൻഡ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചിൽപരം രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതപ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യൻ സമയം ഉച്ചയോടെ ( അവിടുത്തെ സമയം രാവിലെ 9 ) സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്‌സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന സമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും.
Discussion about this post