ഭോപ്പാൽ: രണ്ട് വര്‍ഷമായി കഠിനമായ വയറുവേദന മൂലം സ്കാന്‍ ചെയ്ത യുവതി രോഗ കാരണം കണ്ട് ഞെട്ടിപ്പോയി. സിടി സ്കാൻ ചെയ്തപ്പോൾ യുവതിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തി. മധ്യപ്രദേശിലെ ഭിന്ദിൽ നിന്നാണ് സംഭവം.
തുടർച്ചയായി കഠിനമായ വയറുവേദന കാരണം യുവതി നിരവധി മരുന്നുകള്‍
കഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കമല ബായ് എന്ന 44കാരി സ്കാൻ ചെയ്യുകയായിരുന്നു. അപ്പോഴാണ് കത്രിക കണ്ടെത്തിയത്. വയറ്റിൽ ലോഹവസ്തുവാണ് ആദ്യം കണ്ടതെന്നും പിന്നീടത് കത്രികയാണെന്ന് തെളിഞ്ഞതായും സ്കാൻ ചെയ്ത സതീഷ് ശർമ പറയുന്നത്.
രണ്ട് വർഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ കമല ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. അന്നു മുതലാണ് നിരന്തരം വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയത്. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെ ഡോക്ടർമാർ സ്കാൻ ചെയ്യാൻ നിര്‍ദേശിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അബദ്ധത്തിൽ കത്രിക വയറിനുള്ളിൽ മറന്നതാണെന്നാണ് സംശയം.
ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടു. സ്കാനിങ് സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത അധികാരികൾക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post