അമ്പരപ്പിക്കുന്ന അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി, ഏറെ രസകരവും ആകർഷകവുമായ പലതരം സവിശേഷതകളുള്ള ജൈവവൈവിധ്യമാണ് ഭൂമി നമുക്കായി ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് ചിറകടിച്ച് ഉയരുന്ന ഒരു ഇത്തിരികുഞ്ഞന്റെ കേട്ടാൽ മൂക്കത്ത് വിരൽ വച്ച് പോകുന്ന പ്രത്യേകകൾ അറിഞ്ഞാലോ.
വേഗമോ സൗന്ദര്യമോ അല്ല പറക്കുന്നരീതിയാണ് ഈ കുറുമ്പനെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം. ഹമ്മിംഗ് ബേർഡെന്ന പക്ഷിലോകത്തെ ക്യൂട്ട് ഇനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പിന്നോട്ട് പറക്കുന്നതാണ് ഹമ്മിംഗ് ബേർഡിന്റെ പ്രത്യേകത. റിവേഴ്‌സ് ഗിയറുള്ള ഏക പക്ഷി. വൃത്താകൃതിയിൽ പോലും ചലിപ്പിക്കാവുന്ന തരത്തിലാണ് ഇവയുടെ ചിറകുകളുടെ ഘടനയെന്നതിനാൽ പിന്നോട്ട് നിഷ്പ്രയാസം പറക്കാൻ സാധിക്കും.
ചിറകുകളിലെ അസ്ഥികളെ നെഞ്ചുമായി ബന്ധിപ്പിക്കുന്ന പേശികളുടെ ഭാരം മാത്രം അവയുടെ ശരീരഭാരത്തിന്റെ ഏകദേശം മുപ്പത് ശതമാനം വരും.ഈ കുഞ്ഞൻപക്ഷികളുടെ മെറ്റബോളിസം തോത് മൃഗങ്ങളേക്കാൾ ഉയർന്നതാണ്. ചിറകുവീശുമ്പോൾ ഉണ്ടാവുന്ന മൂളൽ ശബ്ദമാണ് ഹമ്മിംഗ് ബേർഡ് എന്ന പേരിന് കാരണം. പൂന്തേനും പൂമ്പൊടിയും ചെറു ജീവികളും ആഹാരം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ് സാധാരണ പറക്കുന്നതെങ്കിലും നൂറുകിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്ക്കാവും. പറക്കുമ്പോൾ മിനിറ്റിൽ 1200 തവണ ഹൃദയമിടിക്കും. കുറിയതും ബലം കുറഞ്ഞതുമായ കാലുകളിൽ 4 വിരലുകൾ വീതമുണ്ട്. 3 എണ്ണം മുന്നിലേക്കും ഒരെണ്ണം പിന്നിലേക്കും. വിരലുകൾക്ക് അറ്റത്തെ വളഞ്ഞുകൂർത്ത നഖങ്ങൾ മരച്ചില്ലയിൽ ക്ലിപ്പിട്ടപോലെ ഇരിക്കാൻ സഹായിക്കുന്നു.ഇവർക്കിടയിലെ ഏറ്റവും വലുപ്പം കുറഞ്ഞവരായ ‘ബീ ഹമ്മിങ് ബേഡ്’ (Bee Humming Bird) ആണ് ഭൂമുഖത്തെ ഏറ്റവും ചെറിയ പക്ഷി. പരമാവധി 2 ഗ്രാം ഭാരവും 5 സെന്റിമീറ്റർ നീളവുമാണ് അവയ്ക്കുണ്ടാവുക.
Discussion about this post