മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ പേര് തീരുമാനിച്ചതായി ഒരു പ്രധാന നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് വ്യക്തമാക്കി . ഡിസംബർ രണ്ടിനോ മൂന്നിനോ നടക്കുന്ന യോഗത്തിൽ ഫഡ്‌നാവിസിനെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ചില എതിരഭിപ്രായങ്ങൾ ഉണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിനൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
മഹായുതി സർക്കാരിലെ വകുപ്പുകൾ അനുവദിച്ചതിൽ തനിക്ക് അസ്വസ്ഥതയുണ്ടെന്ന റിപ്പോർട്ടുകളിൽ മുൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വ്യക്തത വരുത്തിയിരുന്നു. തൻ്റെ നിരുപാധിക പിന്തുണ ഭാരതീയ ജനതാ പാർട്ടിക്കൊപ്പമാണെന്നും താൻ അസ്വസ്ഥനല്ലെന്നും അദ്ദേഹം തന്റെ ജന്മനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്നു പറഞ്ഞിരുന്നു.
ഇന്നലെ പനി ബാധിച്ച് സുഖമില്ലാതിരുന്ന മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി സ്വദേശമായ സതാരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇപ്പോൾ താൻ സുഖമായിരിക്കുന്നുവെന്നും ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.
“ഞാൻ ഇപ്പോൾ സുഖമായിരിക്കുന്നു. തിരക്കേറിയ തിരഞ്ഞെടുപ്പ് ഷെഡ്യൂളിന് ശേഷം വിശ്രമിക്കാനാണ് ഞാൻ ഇവിടെ വന്നത്. മുഖ്യമന്ത്രിയായിരുന്ന 2.5 വർഷം ഞാൻ അവധിയൊന്നും എടുത്തിട്ടില്ല. എന്നെ കാണാൻ ആളുകൾ ഇപ്പോഴും ഇവിടെയുണ്ട്. ഇതാണ് എനിക്ക് അസുഖം വന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post