ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂൾ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ അരങ്ങേറിയ തീപാറും മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയത്.
ഫസ്റ്റ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. പന്ത്രണ്ടാം മിനിറ്റിൽ കോഡി ഗാക്പോയാണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. മൊഹമ്മദ് സലായുടെ തകർപ്പൻ പാസിൽ നിന്നായിരുന്നു ഗാക്പോ ലക്ഷ്യം കണ്ടത്. മത്സരത്തിൽ ഉടനീളം അറ്റാക്ക് ചെയ്ത് കളിച്ച ലിവർപൂൾ കൂടുതൽ ഗോളുകൾ നേടാൻ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ സ്റ്റെഫാൻ ഒർട്ടേഗയും ഡിഫൻസും ചേർന്ന് ചെറുത്ത് നിൽക്കുകയായിരുന്നു.
ഒടുവിൽ, എഴുപത്തിയെട്ടാം മിനിറ്റിൽ സിറ്റി ഗോൾ കീപ്പർ ഒർട്ടേഗ വരുത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത മൊഹമ്മദ് സലാഹ് പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. ഗാക്പോയുടെ ആദ്യ ഗോളിന് വഴി ഒരുക്കിയതും സലായായിരുന്നു.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം പരാജയമാണിത്. മിന്നുന്ന ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവർപൂളിന് 34 പോയിന്റായി. രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ആഴ്സനൽ, ചെൽസി ടീമുകളെക്കാൾ നിലവിൽ 9 പോയിന്റിന്റെ ലീഡുണ്ട് റെഡ്സിന്. 23 പോയിന്റ് മാത്രമുള്ള സിറ്റി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.
Discussion about this post