ഗർഭകാലം എന്നത് സന്തോഷത്തിന്റെ മാത്രമല്ല പലതരം അസ്വസ്ഥതകളുടെയും കാലമാണ്. ജീവന്റെ തുടിപ്പ് ഉദരത്തിൽ വളരുന്നുണ്ടെന്ന വാർത്ത അറിയുന്നത് മുതൽ അതിനായുള്ള കാത്തിരിപ്പാണ്. ഗർഭിണിയായിരിക്കുമ്പോഴേ അത് ആണോ പെണ്ണോ എന്നറിനാുള്ള ഒരു ത്വര മാതാപിതാക്കൾക്ക് എപ്പോഴും ഉണ്ടാവും. ഗർഭാവസ്ഥയിൽ തന്നെ അത് നിർണയിക്കാൻ സാധിക്കുമെങ്കിലും ഇന്ത്യയിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നിയമവിരുദ്ധമായ കാര്യമാണ്.
എന്നാൽ ഈ സാങ്കേതികവിദ്യ വളരും മുൻപേ ഗർഭസ്ഥശിശുവിന്റെ ലിംഗമേതെന്ന് കണ്ടെത്താൻ പഴയതലമുറക്കാർ പലതരം വിദ്യകളും വിശ്വാസങ്ങളും പിന്തുടർന്നിരുന്നു. അതിലൊന്നാണ് ഗർഭിണിയുടെ കൊതികൾ നിരീക്ഷിച്ച് ലിംഗനിർണയം നടത്തുന്നത്. പലപ്പോഴും മധുരത്തോടുള്ള അമ്മയുടെ കൊതി കുഞ്ഞ് പെൺകുട്ടിയാണെന്നും ഉപ്പിലിട്ടതോ എരിവിനോടോ ആണ് പ്രിയമെങ്കിൽ ഗർഭസ്ഥശിശു ആൺകുട്ടിയാണെന്നും പണ്ടുള്ളവർ ഉറപ്പിക്കുന്നു.
ഇതിനെന്തെങ്കിലും ശാസ്ത്രീയവശം ഉണ്ടോയെന്നാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം. മെഡിക്കൽ വിദഗ്ധർ ഈ ഊഹാപോഹത്തെ നിഷ്‌കരുണം തള്ളിക്കളയുന്നു. കുഞ്ഞിന്റെ ലിംഗഭേദമല്ല, അമ്മയുടെ ശരീരത്തിലുണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങളും പോഷകാഹാര ആവശ്യവുമാണ് പലപ്പോഴും ഗർഭകാല കൊതിയ്ക്ക് പിന്നിൽ. എന്നാൽ നമുക്ക് ഇടയിൽ കാലങ്ങളായി ആഴത്തിൽ വേരൂന്നിയ വിശ്വാസം പറിച്ച് മാറ്റാൻ അൽപ്പം പ്രയാസമായത് കൊണ്ട് തന്നെ പഴമക്കാർ അവരുടെ മനസിലുള്ളത് വിശ്വസിച്ചോട്ടെ എന്ന് പറയാനേ സാധിക്കൂ.
Discussion about this post