ലഖ്‌നൗ: ഗൂഗിള്‍ മാപ്പില്‍ നോക്കി ഡ്രൈവ് ചെയ്ത മൂന്ന് പേര്‍ കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ എത്തിയാണ് ഇവരുടെ വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താനായി. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം കനാലില്‍ നിന്ന് പുറത്തെടുത്തത്.
സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ഇവരുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കനാലില്‍ നിന്ന് പുറത്തെടുത്തത്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പിലിബിത്തിലേക്കുള്ള യാത്രയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ബറേലിയില്‍ സമാനമായ ഒരു അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.
രാംഗംഗ നദിക്ക് കുറുകെയുള്ള പാലത്തിലേക്ക് കയറിയ കാര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ നിര്‍മാണം പാതിവഴിയിലായിരുന്നു. ഒരു വശത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് ഇവരുടെ വാഹനം വീണത്.
നവംബര്‍ 23 ശനിയാഴ്ച രാത്രി നടന്ന അപകടം ആരുമറിഞ്ഞില്ല. ഞായറാഴ്ച പുലര്‍ച്ചെ മാത്രമാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ ഗൂഗിള്‍ മാപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തിരുന്നു.
Discussion about this post