കൊല്ലം: ഭാര്യയെ ഭർത്താവ് കാറിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. അനിലയെ കൊലപ്പെടുത്താൻ ഭർത്താവായ പദ്‌മരാജനെ പ്രേരിപ്പിച്ചത് യുവതിക്ക് സുഹൃത്ത് ഹനീഷുമായുള്ള സൗഹൃദം. അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു. അനിലയുടെ ബേക്കറിയിൽ ഇയാൾ വന്നു പോയിരുന്നത് പത്മരാജൻ ചോദ്യം ചെയ്തു. അപ്പോൾ താൻ ഈ ബേക്കറിയിൽ പാർട്ണർ ആണെന്നാണ് ഹനീഷ് പറഞ്ഞത്. ഇത് പത്മരാജന് ഇഷ്ടപ്പെട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി അനിലയുമായി പദ്മരാജൻ പിണക്കത്തിലായിരുന്നു. ബേക്കറി ആരംഭിക്കുന്നതിന് പദ്മരാജനിൽ നിന്ന് ഇരുവരും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് ഹനീഷും പദ്മരാജനുമായി തർക്കമുണ്ടായിരുന്നു
ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നു. അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ ഒമ്‌നിയിൽ പിന്തുടർന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്‌നിവാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിറുത്തി. ഒമ്‌നിയിൽ നിന്നിറങ്ങിയ പദ്മരാജൻ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്ളാസ് തകർത്ത ശേഷം പെട്രോൾ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post