തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കൊച്ചു കുഞ്ഞുങ്ങളെ ആയമാർ ഉപദ്രവിക്കുന്നത് സ്ഥിരമാണെന്ന് റിപ്പോർട്ട്. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന മറ്റൊരു ആയയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുമ്പും പരാതി കൊടുക്കാറുണ്ടെങ്കിലും കുറ്റക്കാർക്ക് ഇടത് പശ്ചാത്തലം ഉള്ളത് കൊണ്ട് ഒരു നടപടിയും ഉണ്ടാകാറില്ലെന്നും ഇവർ പറയുന്നു.
കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങള്‍ക്ക് മുന്‍പ് വരെ ശിശുക്ഷേമ സമിതിയില്‍ ജോലി ചെയ്ത ആയ ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.
അതെ സമയം കിടക്കയിൽ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒരു വിവാഹ വേദിയിൽ വച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല.
ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിച്ചപ്പോഴാണ് കുട്ടികൾ വേദനയെടുത്ത് നിലവിളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
Discussion about this post