കൊല്ലം;ഭക്ഷ്യ സുരക്ഷ വകുപ്പ് നടപ്പാക്കിയ റൂക്കോ( റീപർപ്പസ് കുക്കിംഗ് ഓയിൽ) പദ്ധതി തരംഗമാകുന്നു. പാകം ചെയ്ത് പഴകിയ എണ്ണ സംഭരിച്ച് ജൈവ ഡീസലും സോപ്പും നിർമ്മിക്കാനായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഫുഡ് സ്റ്റാൻഡേർഡ് സേഫ്റ്റി അതോറിറ്റി അംഗീകാരമുള്ള മൂന്ന കമ്പനികൾ കൊല്ലം ജില്ലയിൽ നിന്ന് മാത്രം പ്രതിമാസം ശരാശരി 50,000 ലിറ്റർ പഴകിയ എണ്ണയാണ് ശേഖരിക്കുന്നത്.
ലിറ്ററിന് 40 മുതൽ 50 രൂപ വരെ നൽകിയാണ് കമ്പനികൾ എണ്ണ വാങ്ങുന്നത്. സോപ്പ് നിർമ്മാണത്തിന് മറ്റൊരു കമ്പനിക്കും അനുമതിയുണ്ട്. കമ്പനി നൽകുന്ന പ്രത്യേക ക്യാനിലാണ് കടക്കാർ എണ്ണ സൂക്ഷിക്കേണ്ടത്. 10 ദിവസം കൂടുമ്പോൾ അധികൃതരെത്തി ലിറ്റർ അനുസരിച്ച് വില നൽകും.കമ്പനികൾ നേരിട്ട് ശേഖരിക്കുന്നതിന് പുറമേ പൊതുജനങ്ങൾക്കും കമ്പനികൾക്ക് എണ്ണ നൽകാൻ അവസരമുണ്ട്
പഴകിയ എണ്ണ സംസ്ഥാനത്തെ വിവിധ പ്ലാന്റുകളിലെത്തിച്ച് മെഥനോളുമായി ചേർത്ത് ചൂടാക്കി വിവിധ ഘട്ടങ്ങളിലൂടെ സംസ്‌കരിച്ചാണ് ബയോ ഡീസൽ നിർമ്മിക്കുന്നത്. 85 മുതൽ 90 രൂപയ്ക്ക് വരെയാണ് ലിറ്റർ വിൽക്കുന്നത്. സാദാ ഡീസലിനേക്കാൾ ലിറ്ററിന് 10 രൂപ വരെ കുറവുള്ള ബയോ ഡീസലിന് അന്തരീക്ഷ മലിനീകരണവും കുറവാണ്.
സ്വകാര്യ ബസുകളും ഓട്ടോകളുമാണ് ബയോഡീസലിന്റെ പ്രധാന ഉപഭോക്താക്കൾ. കമ്പനിയിൽ നേരിട്ടെത്തി വാങ്ങുമ്പോൾ ലിറ്ററിന് 90 രൂപ പ്രകാരം ലഭിക്കും. എണ്ണ കമ്പനികൾക്ക് 100 രൂപ നിരക്കിലാണ് നൽകുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശാനുസരണം സാദാ ഡീസലിനൊപ്പം ചെറിയ അളവിൽ ബയോഡീസലും ചേർത്താണ് എണ്ണ കമ്പനികൾ വിൽപ്പന നടത്തുന്നത്.കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും ബയോ ഡീസൽ നിർമ്മാണത്തിന്റെ ഭാഗമായി പഴകിയ എണ്ണ ജില്ലയിൽ നിന്ന് ശേഖരിക്കുന്നുണ്ട്.
Discussion about this post