മുംബൈ: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബയ് ആസാദ് മൈതാനിയിൽ ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻ.സി.പി നേതാവ് അജിത് പവാറും അതൃപ്തിയിലായിരുന്ന ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഏതാനും മന്ത്രിമാരും അധികാരമേറ്റേക്കും.
42,000 ത്തോളം പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമായിരിക്കുമെന്ന് ബിജെപി നേതാവ് പ്രസാദ് ലാഡ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും ഒമ്പത് മുതൽ പത്ത് വരെ കേന്ദ്രമന്ത്രിമാരും 19 മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിധാൻ ഭവനിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ, മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ കേന്ദ്ര നിരീക്ഷകനുമായ വിജയ് രൂപാണി, ബിജെപി നിയമസഭാ കക്ഷി നേതാവായി ഫഡ്‌നാവിസിനെ (54) ഏകകണ്ഠമായി തിരഞ്ഞെടുത്തതായി അറിയിച്ചു.
തന്നിൽ വിശ്വാസമർപ്പിച്ചതിന് ബിജെപി നിയമസഭാംഗങ്ങളോട് ഫഡ്‌നാവിസ് നന്ദി പറഞ്ഞു, നവംബർ 20 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൻ്റെ തകർപ്പൻ വിജയത്തിന് കാരണം പ്രധാനമന്ത്രി മോദി നൽകിയ “ഏക് ഹേ തോ സേഫ് ഹേ” എന്ന മന്ത്രമാണെന്നും കൂട്ടിച്ചേർത്തു.
54കാരനായ ഫഡ്നാവിസിന് മുഖ്യമന്ത്രിയായി മൂന്നാമൂഴമാണ്. 2014-2019ലാണ് ആദ്യ ടേം. 2019ൽ ശിവസേനയുമായുള്ള ഭിന്നതയെ തുടർന്ന് എൻ.സി.പി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ അഞ്ചു ദിവസം മാത്രമായിരുന്നു ആയുസ്.
Discussion about this post