ബംഗളൂരു: അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 വിന്റെ റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കൊളുത്തി ആരാധകർ. ബംഗളൂരുവിലെ ഉർവ്വശി തിയറ്ററിൽ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ആദ്യ ഷോ ആരംഭിച്ച് അൽപ്പനേരം കഴിഞ്ഞതോടെ ആളുകൾ തീപ്പന്തം കൊളുത്തി സ്‌ക്രീന് സമീപത്തേയ്ക്ക് ചാടിക്കയറുകയായിരുന്നു. ഇത് കണ്ട തിയറ്റർ ജീവനക്കാർ ഉടനെയെത്തി തീപ്പന്തങ്ങൾ അണച്ചു. ഇതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നാല് പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. ആരാധനയെ തുടർന്ന് പ്രതികൾ ഇത്തരത്തിൽ തീപ്പന്തം കൊളുത്തിയത് എന്നാണ് വിവരം. അതേസമയം തിയറ്റർ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ആയിരുന്നു തലനാരിഴയ്ക്ക് ഒഴിവായത്.
ഇതിനിടെ ഹൈദരാബാദിൽ പുഷ്പ 2 കാണാൻ എത്തിയ സ്ത്രീ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. ഹൈദരാബാദ് ദിൽഷുക് നഗർ സ്വദേശിനി രേവതിയാണ് മരിച്ചത്. വൈകീട്ട് സന്ധ്യ തിയറ്ററിൽ ആയിരുന്നു സംഭവം.
ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു രേവതി. തിക്കിലും തിരക്കിലും പെട്ട് അവശയായ രേവതി ബോധരഹിതയായി വീഴുകയായിരുന്നു. ഉടനെ തന്നെ രേവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിരക്കിൽപ്പെട്ട് ഇവരുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post