തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ വീട്ടിൽ വന്‍ കഞ്ചാവ് വേട്ട. വീട്ടിലെ റൂമിൽ അലമാരയില്‍ ഒളിപ്പിച്ച് വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എട്ട് കിലോ കഞ്ചാവ് ആണ് പിടികൂടിയത്.
സംഭവത്തില്‍ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ മണലി സ്വദേശി തലയ്ക്കല്‍ വീട്ടില്‍ സുനില്‍ ദത്ത്(48) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ബെഡ്‌റൂമിലെ അലമാരയില്‍ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒറീസയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പരിശോധന നടത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, രവികുമാര്‍, അഞ്ജലി, ബിജു, അശ്വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.












