ലണ്ടന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലാണ് ‘അടിയന്തര’ വിഷയമായി ചർച്ച നടന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഹിന്ദു സംന്യാസിമാര്‍ക്കെതിരെ നടത്തുന്ന മതപരമായ അടിച്ചമര്‍ത്തലിനെയും പാര്‍ലമെന്റ് അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഏറെ ആശങ്കാജനകമാണെന്ന് ഷാഡോ സ്റ്റേറ്റ് ഫോറിന്‍ അഫയേഴ്സ് സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ പ്രീതി പട്ടേല്‍ പറഞ്ഞു. ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണ ദാസിനെ മോചിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് അന്വേഷിക്കാന്‍ പ്രീതി പട്ടേല്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ലണ്ടനിലെ ബ്രെന്റ് വെസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബാരി ഗാര്‍ഡിനര്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ സംഘര്‍ഷാത്മകം എന്നാണ് വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ വീടുകള്‍ കത്തിക്കുകയും അവരുടെ ബിസിനസുകള്‍ കൊള്ളയടിക്കുകയും പുരോഹിതന്മാരെ അറസ്റ്റ്ചെയ്യുന്നു . ഇത് കൂടാതെ 63 സംന്യാസിമാര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചതായും ബ്രിട്ടീഷ് ഹിന്ദുക്കള്‍ക്കായുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍മാനായ ബോബ് ബ്ലാക്ക്മാന്‍ എംപി പറഞ്ഞു.
Discussion about this post