കന്യാചർമം വെച്ചുപിടിപ്പിക്കുന്നതിന് 16 ലക്ഷം രൂപ മുടക്കി ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി 23 കാരി. ബ്രസീലിയൻ ഇൻഫ്ളൂവൻസറായ റെവേന ഹാനിലിയാണ് ഹൈമനോപ്ലാസ്റ്റി സർജറിക്ക് വിധേയയാകാൻ തയ്യാറെടുക്കുന്നത്.
തന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനും വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ പുനർനിർവചിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിത്. ഈ സർജറിക്ക് വലിയ അർത്ഥമുണ്ട്. എനിക്ക് വീണ്ടും കന്യകയാകണം. ഇത് എന്റെ ആത്മാഭിമാനത്തിനും വ്യക്തിപരമായ കാരണങ്ങളാലും എപ്പോഴും പ്രധാനപ്പെട്ട കാര്യമാണ് എന്ന് യുവതി പറഞ്ഞു.
നിർഭാഗ്യവശാൽ, എല്ലാവർക്കും ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. ഇത്തരം കാര്യങ്ങളിൽ നമ്മൾ വിധിക്കുന്നത് നിർത്തി മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കാൻ തുടങ്ങണം എന്നും അവർ കൂട്ടിച്ചേർത്തു.
റെവേന തന്റെ തീരുമാനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മെഡിക്കൽ രംഗത്തുനിന്നുള്ള വിദഗ്ധർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഹൈമനോപാസ്റ്റി നടത്തുമ്പോൾ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ചും ധാർമികമായ സങ്കീർണതകളെക്കുറിച്ചും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിസണൽ ക്ലിനിക്കിന്റെ സിഇഒ ഡോ. ഹന സലുസോളിയ മുന്നറിയിപ്പ് നൽകി.
ഹൈമനോ പ്ലാസ്റ്റി സുരക്ഷിതമാണെന്ന് പറയുമ്പോഴും വിവിധ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ഉയർന്ന രക്തസ്രാവം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, പാടുകൾ ഉണ്ടാവുക, യോനിയിലെ അണുബാധ, നിറവ്യത്യാസം, ശസ്ത്രക്രിയയ്ക്ക് ശേഷമുളള മരവിപ്പും വീക്കവും ഇവയൊക്കെ ഹൈമനോപ്ലാസ്റ്റിയുടെ പാർശ്വഫലങ്ങളാണ്.
അതേസമയം, റെവേനയുടെ ശസ്ത്രക്രിയയുടെ തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.
എന്താണ് ഹൈമനോപ്ലാസ്റ്റി
മുമ്പ് പൊട്ടിപ്പോയ കന്യാചർമം വീണ്ടും തുന്നിച്ചേർക്കുന്നതാണ് ഹൈമനോപ്ലാസ്റ്റി എന്ന് അറിയപ്പെടുന്നത്. ലൈംഗിക ബന്ധത്തിന് ശേഷമോ, ജിംനാസ്റ്റിക്സ്, കായിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ ചെയ്യുന്നത് കൊണ്ടോ പൊട്ടിപോകുന്ന കന്യാചർമ്മത്തെ (യോനിക്ക് താഴെ ഭാഗത്ത് കാണപ്പെടുന്ന നേർത്ത പിങ്ക് നിറമുളള ചർമ്മം) പുനസ്ഥാപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുതരം സൗന്ദര്യവർധക ശസ്ത്രക്രിയയാണിത്. കന്യാചർമ്മത്തിന്റെ വശങ്ങളിൽ ലയിക്കാവുന്ന തരത്തിലുള്ള തുന്നലിടുകയാണ് ചെയ്യുന്നത്. മറ്റ് അണുബാധയൊന്നും ഇല്ലാതെ ആരോഗ്യമുള്ളവർക്കും 18 വയസിന് മുകളിലുള്ളവർക്കും ഹൈമനോപ്ലാസ്റ്റി ചെയ്യാവുന്നതാണ്.









Discussion about this post