തിരുവനന്തപുരം : തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം. പാലോട് ഇളവട്ടത്ത് ആണ് ഭർതൃഗൃഹത്തിൽ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25)യെ ആണ് ഇന്ന് ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയ വിവാഹമായിരുന്നു ഇന്ദുജയുടേത്. മൂന്നു മാസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹം. വിവാഹത്തിനുശേഷം മകളെ കാണാൻ പോലും ഭർത്താവും വീട്ടുകാരും അനുവദിച്ചിരുന്നില്ല എന്നാണ് ഇന്ദുജയുടെ കുടുംബം വ്യക്തമാക്കുന്നത്.
ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും ഇന്ദുജയുടെ കുടുംബം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 -ന് ആണ് ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. അഭിജിത്ത് ജോലിക്ക് പോയ സമയത്ത് ആയിരുന്നു മരണം നടന്നത്. അഭിജിത്ത് ഭക്ഷണം കഴിക്കാനായി ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post