മലപ്പുറം : ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി തെറ്റിദ്ധാരണ പടർത്തിയ പ്രതിയെ അന്വേഷിച്ച് സൈബർ സെൽ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കുകയായിരുന്നു. തുടർന്ന് ഈ സ്ക്രീൻഷോട്ട് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഡിസംബര്‍ രണ്ടിന് ആയിരുന്നു ഈ സംഭവം നടന്നത്. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ കളക്ടറുടെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്.
കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്താണ് ആരോ ഒരാൾ നേരത്തെ തന്നെ സ്വന്തമായി അവധി പ്രഖ്യാപിച്ചത്. ഇതോടെ രക്ഷിതാക്കളും അധ്യാപകരും സ്കൂൾ അധികൃതരും എല്ലാം ഇത് യഥാർത്ഥ പോസ്റ്റ് ആണെന്ന് കരുതി. ഏതാനും ചിലർ അവധി ഉറപ്പുവരുത്താനായി കളക്ടറേറ്റിൽ വിളിച്ചതോടെയാണ് പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
Discussion about this post