തിരുവനന്തപുരം : വിമാനത്താവളത്തിന്റെ റൺവേയ്ക്ക് മുകളിൽ പറന്ന പട്ടം ആറ് വിമാനങ്ങളുടെ വഴിമുടക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റൺവേ 32ന്റെയും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇടയ്ക്കുള്ള ഭാഗത്തെ ആകാശത്തിൽ 200 അടി ഉയരത്തിലാണ് പട്ടം പറന്നത്. റൺവേയ്ക്ക് മുകളിൽ പട്ടം പറന്നത് കാരണം രണ്ടുമണിക്കൂറോളം വ്യോമഗതാഗതം തടസ്സപ്പെട്ടു.
ഇറങ്ങേണ്ട വിമാനം 11 മിനിറ്റിനുശേഷമാണ് റൺവേ തൊട്ടത്. പറന്നുയരേണ്ട വിമാനം 45 മിനിറ്റ് വൈകി.
റൺവേയ്ക്ക് മുകളിൽ പട്ടമുണ്ടെന്ന വിവരം വിമാനത്താവളത്തിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി. പട്ടം അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
വൈകിട്ട് 4.20ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്ന മസ്‌കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ്, അതിനുശേഷമുള്ള ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബാംഗ്ലൂരിൽ നിന്നെത്തിയ ഇൻഡിഗോ എന്നീ വിമാനങ്ങളാണ് ഇറങ്ങാനിരുന്നത്. റൺവേയ്ക്ക് മുകളിൽ പട്ടം കണ്ടതോടെ ഈ വിമാനങ്ങൾ ലാൻഡ് ചെയ്യാതെ ആകാശത്ത് തങ്ങുന്നതിനുള്ള ഗോ എറൗണ്ട് നിർദ്ദേശം പൈലറ്റുമാർക്ക് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നൽകുകയായിരുന്നു. രാജീവ് ഗാന്ധി അക്കാഡമിയുടെ വിമാനത്തിന്റെ പരിശീലന പറക്കലും ഇതു കാരണം തടസ്സപ്പെട്ടു. നാലരയ്ക്ക് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്, ബെംഗളൂരുവിലേയ്ക്ക് പോകാനിരുന്ന ഇൻഡിഗോ എന്നീ വിമാനങ്ങളുടെ യാത്ര താത്കാലികമായി നിറുത്തിവച്ച് ബേയിൽ നിറുത്തിയിടാനും നിർദ്ദേശം നൽകി .
പട്ടം താഴെയിറക്കാൻ അഗ്നിശമനാ ഉദ്യാഗസ്ഥർ അടക്കമുള്ളവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകീട്ട് ആറരയോടെ പട്ടം തനിയെ നിലംപതിക്കുകയായിരുന്നു. പട്ടം പറത്തിയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Discussion about this post