ന്യൂയോർക്ക് : പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല പ്രായവും ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് യുഎസിലെ ഒരു നവദമ്പതികൾ. 100 വയസ്സുള്ള ബെർണി ലിറ്റ്മാനും 102 വയസ്സുള്ള മർജോറി ഫിറ്റർമാനും വിവാഹിതരായതോടെ പിറന്നിരിക്കുന്നത് പുതിയൊരു ചരിത്രം തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികൾ എന്ന റെക്കോർഡ് നേട്ടമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.
നവദമ്പതികളുടെ റെക്കോർഡ് നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായം ഒരു തടസമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ലിറ്റ്മാൻ ദമ്പതികൾ. ഇവരുടെ പ്രണയകഥയും ഏറെ രസകരമാണ്.
യുഎസിലെ ഒരു വൃദ്ധസദനത്തിൽ വച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് തങ്ങളുടെ ഹൈസ്കൂൾ കാലഘട്ടത്തിൽ ഇരുവരും പരിചയപ്പെട്ടിരുന്നു എങ്കിലും അന്നത് പ്രണയത്തിലേക്ക് എത്തിയിരുന്നില്ല. വാർദ്ധക്യത്തിൽ തന്റെ ഭാര്യയുടെ മരണശേഷമാണ് ബെർണി ലിറ്റ്മാൻ വൃദ്ധസദനത്തിലേക്ക് എത്തിയിരുന്നത്. ഭർത്താവിന്റെ മരണശേഷം മർജോറി ഫിറ്റർമാനും ഇവിടെയെത്തി. ഒരേ കൂരയ്ക്ക് കീഴിലുള്ള താമസവും ജീവിതവും ഇരുവരെയും അടുത്ത സുഹൃത്തുക്കളാക്കി. വൈകാതെ തന്നെ തങ്ങൾക്കുള്ളിൽ ഒരു പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞ ഈ ദമ്പതികൾ ഒടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.
Discussion about this post