ന്യൂഡൽഹി : പന്തുകൊണ്ട് സ്വന്തം ടീമിനെ അത്ഭുതകരമായി കളിയിൽ തിരിച്ചെത്തിക്കുകയും വിജയം സമ്മാനിക്കുകയും ചെയ്ത ബൗളറാണ് മുഹമ്മദ് ഷമി. പരിക്കിന്റെ പിടിയിലായിരുന്ന ഷമി ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. ബോർഡർ ഗവാസ്കർ ട്രോഫിക്കായി ഷമിയെ പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഓൾ റൗണ്ട് പെർഫോമൻസുമായി മുഹമ്മദ് ഷമി വാർത്തകളിൽ ഇടം പിടിച്ചത്.
സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനു വേണ്ടിയായിരുന്നു മുഹമ്മദ് ഷമിയുടെ തകർപ്പൻ പ്രകടനം. പതിനാറാം ഓവറിൽ 8 ന് 114 എന്ന നിലയിൽ ബംഗാൾ തകർന്ന് നിൽക്കുമ്പോഴായിരുന്നു ഷമിയുടെ വരവ്. രണ്ട് സിക്സറുകളുടേയും മൂന്ന് ബൗണ്ടറികളുടേയും മികവിൽ 17 പന്തിൽ 32 റൺസാണ് പുറത്താകാതെ ഷമി നേടിയത്. ഷമിയുടെ പോരാട്ട മികവിൽ ബംഗാൾ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്.
https://x.com/BCCIdomestic/status/1866038611571003687
മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡിന്റെ ഇന്നിംഗ്സ് 20 ഓവറിൽ 156 റൺസിന് അവസാനിച്ചു. 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയ ഷമി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബംഗാളിനു വേണ്ടി ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്നായി 9 വിക്കറ്റുകളാണ് ഷമി നേടിയത്. പരിക്കിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ അടയാളമായി അനുവദനീയമായ എല്ലാ ഓവറുകളും ഇതുവരെ ഷമി എറിയുകയും ചെയ്തു. ഫിറ്റ്നസ് തെളിയിക്കാൻ ചില സാങ്കേതിക കാര്യങ്ങൾ മാത്രമാണ് ഷമിക്ക് മുന്നിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ താമസിയാതെ ഇന്ത്യയുടെ വിശ്വസ്തനായ ബൗളർ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് നിഗമനം.
Discussion about this post