അഭിമുഖത്തിനിടെ സിഇഒയുടെ പെരുമാറ്റം മൂലം ജോലി വാഗ്ദാനം നിരസിച്ച യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിഭാ ഗുപ്തയെന്ന യുവതിയാണ് ലിങ്കഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ മോശം അനുഭവം വിവരിച്ചത്. അഭിമുഖത്തിനായി എത്തിയ സ്ഥാപനം തനിക്ക് അനുയോജ്യമല്ലെന്ന് തീരുമാനിക്കാനുണ്ടായ കാരണവും അവര്‍ പോസ്റ്റില്‍ പങ്കുവെച്ചു.
ജോലിക്കുള്ള അപേക്ഷ നിരസിക്കാന്‍ നിരവധി കാരണങ്ങളാണ് അവര്‍ പോസ്റ്റില്‍ വിവരിച്ചത്. ”സ്ഥാപനത്തിലെ ആദ്യത്തെ മുഖാഭിമുഖ അഭിമുഖത്തിന് ഞാന്‍ പോയിരുന്നു. അപ്പോള്‍ തന്നെ ഈ കമ്പനിയില്‍ ചേരുന്നത് വിഡ്ഢിത്തമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി,” അവര്‍ പറഞ്ഞു.
‘അഭിമുഖത്തിന് 15 മിനിറ്റ് വൈകിയാണ് സിഇഒ എത്തിയത് തന്നെ .തുടര്‍ന്നുള്ള കാര്യങ്ങള്‍ എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. അഭിമുഖത്തിനിടെ കമ്പനിയെക്കുറിച്ചുള്ള ഒരു വീഡിയോ എച്ച്ആര്‍ ടീം അയച്ചുനല്‍കിയിട്ടുണ്ടോയെന്ന് സിഇഒ എന്നോട് ചോദിച്ചു. ഇല്ലായെന്ന് മറുപടി നല്‍കിയപ്പോള്‍ എച്ച്ആര്‍ ടീമിലെ ഒരാളെ വിളിച്ച് എന്റെ സാന്നിധ്യത്തില്‍ തന്നെ ശാസിച്ചു. സിഇഒയ്ക്ക് തന്റെ ജീവനക്കാരോട് ബഹുമാനമില്ല.
എച്ച് ആര്‍ തെറ്റുചെയ്തുവെങ്കിലും ഒരു അപരിചിതന്റെ മുന്നില്‍വെച്ച് ജീവനക്കാരനെ ശകാരിക്കുന്നത് അനാദരവാണ്,” വിഭ പറഞ്ഞു. ജോലി നിരസിക്കാനുള്ള മറ്റൊരു കാരണം കൂടി വിഭ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. തന്റെജോലിയെ സിഇഒ ചാറ്റ്ജിപിടിയുമായി താരതമ്യപ്പെടുത്തിയതായും തന്റെ കോപ്പിറൈറ്റിംഗ് സൃഷ്ടികള്‍ അദ്ദേഹം നിരസിച്ചതായും അവര്‍ പറഞ്ഞു. തന്റെ കഴിവുകളോടും വൈദഗ്ധ്യത്തോടുമുള്ള അനാദരവായാണ് ഇത് അനുഭവപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ദയവായി നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് വിനയവും ആദരവും പ്രകടിപ്പിക്കുക. അഭിമുഖം കഴിഞ്ഞയുടനെ അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഞാന്‍ എച്ച്ആറിന് സന്ദേശം അയച്ചു. ജോലി നിരസിക്കുന്നതായും അറിയിച്ചു,” വിഭ പറഞ്ഞു.
”അദ്ദേഹത്തിന്റെ കമ്പനിക്ക് അനുയോജ്യനായ ഒരാളെ പിന്നീട് കണ്ടെത്തിയേക്കും. എന്നാല്‍, എന്നെ ലഭിക്കാന്‍ അയാള്‍ യോഗ്യനല്ല,” അവര്‍ വ്യക്തമാക്കി. നിരവധി പേരാണ് ഇവരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post