കണ്ണൂർ : മാടായി കോളേജ് നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ ഇന്നും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കോലം കത്തിച്ചു. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നും രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷ മുദ്രാവാക്യവും മുഴക്കി.
എംകെ രാഘവൻ എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതിൽ പുകയുന്ന പ്രതിഷേധമാണ് കൂടുതൽ കലുഷിതമാകുന്നത്. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണം. ഇതിൽ പ്രതിഷേധിച്ച രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കോൺഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാക്കി. ഇതോടൊപ്പം സമവായത്തിന് നിൽക്കാതെ വിവാദ വ്യക്തിക്ക് കോളേജിൽ നിയമനം നൽകിയിരുന്നു.
രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ഇന്നലെ ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതൽ കമ്മിറ്റികൾ രാജിനൽകിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം. നിയമനത്തിൽ അഴിമതിയില്ലെന്നും തന്നെ മോശക്കാനാക്കാൻ ശ്രമമുണ്ടെന്നുമാണ് എംപിയുടെ ആരോപണം.
Discussion about this post