ചെന്നൈ : കടവുളേ എന്നുള്ള വിളി തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതായി നടൻ അജിത്ത്. അടുത്തിടെയായി തമിഴ്നാട്ടിലെ ചില പൊതു പരിപാടികളിലും മറ്റും ‘കടവുളേ… അജിത്തേ’ എന്ന മുദ്രാവാക്യം മുഴക്കിയ ആരാധകരോട് ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിളി കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയും അലോസരവും ആണ് ഉണ്ടാകുന്നത് എന്നും അജിത്ത് അറിയിച്ചു.
ഈയടുത്തകാലത്ത് തമിഴ്നാട്ടിൽ ഏറെ വൈറലായ ഒരു പ്രയോഗം ആയിരുന്നു ‘കടവുളേ… അജിത്തേ’ എന്നുള്ളത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. ഇതിനെതിരെയാണ് ഇപ്പോൾ താരം തന്നെ രംഗത്ത് എത്തിയിട്ടുള്ളത്.
ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്ന് ആരാധകരോട് അറിയിച്ചു. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റുള്ള വിളികൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയണം. അത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്നും അജിത് പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
Discussion about this post