ഗുരുവായൂർ: പ്രശസ്തമായ ഏകാദശി ദിനമായ ഇന്ന്. ഭക്ത ജനലക്ഷങ്ങളാണ് ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തുന്നത് . വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്. അർജുനന് ശ്രീകൃഷ്ണഭഗവാൻ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാൽ ഏകാദശി ദിവസം ഗീതാ ദിനമായും ആഘോഷിക്കപ്പെടുന്നുണ്ട്.
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം
ദേവഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയത് ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. ഗജരാജൻ ഗുരുവായൂർ കേശവൻ ഗുരുവായൂരപ്പനിൽ വിലയം പ്രാപിച്ചതും ഈ ദിനത്തിലാണ്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ നിയന്ത്രണം നിലവിലുള്ളതിനാൽ ഇത്തവണ രാവിലെ ആറരയ്ക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടാകും
മഹാവിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്.
ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരീ മന്ത്രം (ഓം നമോ നാരായണായ), ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) എന്നിവ 108 ജപിക്കുന്നത് ശ്രേഷ്ഠം. വിഷ്ണു സഹസ്രനാമം, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യുന്നത് അഭീഷ്ടസിദ്ധി നൽകും.
Discussion about this post