ന്യൂഡൽഹി : സിറിയൻ പ്രസിഡന്റ് ബഷാർ അസദിന്റെ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിന് രണ്ട് ദിവസത്തിന് ശേഷം 75 പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ച് ഇന്ത്യ. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ഏകോപിപ്പിച്ചാണ് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോയതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
‘സിറിയയിലെ സമീപകാല സംഭവവികാസങ്ങളെത്തുടർന്ന് ഇന്ത്യാ ഗവൺമെൻറ് 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു’ എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള 44 പേർ സിറിയയിലെ സൈദ സൈനബ് എന്ന നഗരത്തിൽ കുടുങ്ങിയിരുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്നുവെന്നും വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശത്തുള്ള ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത.് സിറിയയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘സിറിയയിൽ ഇനിയുള്ള ഇന്ത്യൻ പൗരന്മാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി +963 993385973 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ, hoc.damascus@mea.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം, സമയബന്ധിതമായി വിദേശകാര്യ മന്ത്രലായം വിവരങ്ങൾ കൈമാറും’ എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നിരവധി പ്രമുഖ നഗരങ്ങളും പട്ടണങ്ങളും പിടിച്ചെടുക്കിയ ശേഷം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തു. സിറിയൻ സർക്കാർ ഇതോടെ തകർന്നു . വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പ്രസിഡന്റ് രാജ്യം വിട്ടു .
Discussion about this post