മന്ത്രി കെബി ഗണേഷ്‌കുമാറില്‍ നിന്ന് ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പ് പിടിച്ചെടുക്കുകയും വേണമെന്ന് വനംവകുപ്പിന് പരാതി. ആനയുടെ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നു എന്ന് വനം വകുപ്പ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എസ്.ജലീല്‍ മുഹമ്മദാണു മന്ത്രി എ.കെ.ശശീന്ദ്രനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കിയത്.
നിയമപ്രകാരം ആനക്കൊമ്പ് സര്‍ക്കാരിന്റെ സ്വത്തില്‍ പെടുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആനയുടെ ഉടമയല്ലാത്ത ആള്‍ക്ക് എങ്ങനെ ആനക്കൊമ്പ് ലഭിച്ചുവെന്നു കണ്ടെത്തണം. അന്തരിച്ച മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് 5 ജോടി ആനക്കൊമ്പ് വനംവകുപ്പ് പിടിച്ചെടുക്കുന്നതിനു പകരം ഏറ്റെടുക്കുകയാണു ചെയ്തത് എന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു.
മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകള്‍ സൂക്ഷിക്കുന്ന വിഷയത്തില്‍ വനംവകുപ്പിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കൊമ്പുകള്‍ പാരമ്പര്യമായി കിട്ടിയതാണെന്നാണു താന്‍ മനസ്സിലാക്കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ ് അത് എപ്പോള്‍ കൈമാറിക്കിട്ടി എന്നതു പരിശോധിക്കേണ്ടതുണ്ട്.. വന്യജീവി സംരക്ഷണ നിയമം വരുന്നതിനു മുന്‍പ് ആളുകള്‍ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നു. നിയമം വന്നശേഷം ക്രയവിക്രയം പാടില്ല. ഗണേഷ് കുമാറിന്റെ കയ്യില്‍ എങ്ങനെ, എപ്പോള്‍ ആനക്കൊമ്പുകള്‍ എത്തിയെന്നും നിയമപരമായ എന്തു രേഖയുടെ അടിസ്ഥാനത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും അന്വേഷിക്കും.
അതേസമയം, കോടികള്‍ വില മതിക്കുന്ന ആനക്കൊമ്പുകള്‍ വനംവകുപ്പിന്റെ സ്റ്റോറുകളിലുണ്ട്. അവ കത്തിച്ചുകളയാനാണു നിയമത്തില്‍ പറയുന്നത്. ആനവേട്ട തടയാനും ആനക്കൊമ്പ് വ്യാപാരം നിരുത്സാഹപ്പെടുത്താനുമാണ് ഈ വ്യവസ്ഥ അന്നു നിയമത്തില്‍ ഉള്‍പ്പെടുത്തിയത്.
Discussion about this post