കാക്കനാട് : മീറ്ററിടാൻ പറഞ്ഞതിന് യാത്രക്കാരനെ ഇറക്കി വിടുകയും മോശമായി സംസാരിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറാണ് തന്റെ ഓട്ടോയിൽ കയറിയ ആൾ ആരാണെന്ന് മനസിലാക്കാതെ വാഹനത്തിൽ നിന്നും ഇറക്കി വിട്ടത്. ഓട്ടോ ചാർജ്ജ് അധികമാണെന്നും മീറ്റർ ഇടാനും പറഞ്ഞതിനാണ് സുരേഷ് കുമാർ യാത്രികനോട് അപമര്യാദയായി പെരുമാറിയത്. ഇറക്കി വിട്ടത് കൂടാതെ പോകുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനോട് മോശമായി സംസാരിച്ചാണ് ഡ്രൈവര്‍ സ്ഥലംവിട്ടത്.
എന്നാൽ കൊല്ലം ആര്‍.ടി.ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് താൻ നടുറോഡില്‍ ഇറക്കിവിട്ടത് എന്ന് അറിയുമ്പോഴേക്കും ഡ്രൈവർ അല്പം വൈകി പോയി. സംഭവത്തിനു പിന്നാലെ ഓട്ടോ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.
ആര്‍.ടി. ഓഫീസില്‍ നടത്തിയ ഹിയറിങ്ങില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. കെ. മനോജ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മീറ്ററിടാത്തതു കൂടാതെ അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരിക്കല്‍, മോശം സംസാരം എന്നിവയ്‌ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയത്.
Discussion about this post