പനാജി: 15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഒന്നായി കീർത്തി സുരേഷും ആന്റണി തട്ടിലും. ഗോവയിൽവച്ച് ഇന്നായിരുന്നു ഇരുവരുടെയും വിവാഹം. ചടങ്ങുകളുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഹിന്ദു ആചാര പ്രകാരം പരമ്പരാഗത രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ മുഴുവൻ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചായിരുന്നു കീർത്തി എത്തിയത്. ഇതേ തനിമയുള്ള ആഭരണങ്ങളും താരം അണിഞ്ഞിരുന്നു. മഞ്ഞയിൽ പച്ച ബോർഡർ ഉള്ള സാരിയാണ് കീർത്തി ധരിച്ചിരുന്നത്. മുണ്ടും വേഷ്ടിയും ആയിരുന്നു ആന്റണിയുടെ വസ്ത്രം. തന്റെ കഴുത്തിൽ ആന്റണി താലി ചാർത്തുന്നതിന്റെ ചിത്രങ്ങളാണ് കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. വിവാഹ ചടങ്ങുകൾ നാളെയും തുടരും.
ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് ആന്റണിയുമായി കീർത്തി പരിചയത്തിലാകുന്നത്. ശേഷം ഇരുവരുടെയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. പഠനം പൂർത്തിയാക്കിയതിന് പിന്നാലെ കീർത്തി അഭിനയത്തിലേക്ക് തിരിഞ്ഞു. എൻജിനീയർ ആയിരുന്ന ആന്റണി ഇപ്പോൾ ബിസിനസിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ആന്റണിയുമായുള്ള വിവാഹക്കാര്യം പുറത്തുവന്നത്. ആന്റണിയ്‌ക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു വിവരം പുറത്തായത്. ഇതിന് പിന്നാലെ വാർത്തകൾ പുറത്തുവന്നുവെങ്കിലും ഇതിൽ നടി പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന് മുന്നോടിയായി നടി തിരുപ്പതി ക്ഷേത്രത്തിൽ എത്തിയിരുന്നു. അപ്പോഴാണ് താരം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്.
Discussion about this post