കഴിഞ്ഞ ദിവസമാണ് വിഖ്യാത ബോളിവുഡ് നടൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിന് ക്ഷണിക്കാനായി പ്രധാനമന്ത്രിയെ കപൂർ കുടുംബം കാണാൻ എത്തിയത്. ഈ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഈ സന്ദർശനത്തിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ വൈറലാവുന്നത്.
ഇത്ര തിരക്കിനിടയിൽ താങ്കൾക്ക് പാട്ട് കേൾക്കാൻ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയ ഭട്ടിന്റെ രസകരമായ ചോദ്യം . പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനത്തിനിടെ അവിടെനിന്ന് ആലിയ അഭിനയിച്ച സിനിമയിലെ പാട്ട് കേൾക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ ചോദ്യം. പ്രധാനമന്ത്രി പാട്ട് കേൾക്കുന്ന വീഡിയോ തനിക്ക് കൂറെ പേർ അയച്ചു തന്നിരുന്നു. അത് കണ്ടപ്പോൾ വളരെയധികം സന്തോഷമായെന്നും താരം കൂട്ടിച്ചേർത്തു.
പാട്ട് കേൾക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് സമയം കിട്ടുമ്പോഴൊക്കെ കേൾക്കാറുണ്ടെന്ന് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
കരീന കപൂർ, ഭർത്താവ് സെയ്ഫ് അലിഖാൻ, സഹോദരൻ രൺബീർ കപൂർ, ഭാര്യ ആലിയഭട്ട്, സഹോദരി കരിഷ്മ കപൂർ, നീതു കപൂർ, റിഥിമ കപൂർ ഷാഹ്നി, ഭാരത് സാഹ്നി, റിമ ജെയ്ൻ, ആദർ ജെയ്ൻ, അർമാൻ ജെയ്ൻ, അനീസ മൽഹോത്ര, നിതാഷ നന്ദ, മനോജ് ജെയ്ൻ, നിഖിൽ നന്ദ എന്നിവരടങ്ങുന്ന സംഘമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
Discussion about this post