പുറത്തുനിന്ന് വാങ്ങിക്കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ രുചികരമെങ്കിലും വൃത്തിയുള്ളതാണോ എന്നതില്‍ ഉറപ്പൊന്നുമില്ല. നിരവധി അനുഭവങ്ങളാണ് ഇതുസംബന്ധിച്ച് ദിനംപ്രതി പുറത്തുവരുന്നത്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു സംഭവം കൂടി വന്നിരിക്കുകയാണ്. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടി വന്ന ഒരു യാത്രക്കാരനാണ് കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു ദുരനുഭവം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. വിമാനത്താവളത്തിനുള്ളിലെ ഒരു കടയില്‍ നിന്നും വാങ്ങിയ അമിത വിലയുള്ള ബ്രെഡ് പക്കോഡയ്ക്കുള്ളില്‍ ഇദ്ദേഹം ഒരു ചത്ത പാറ്റയെ കണ്ടെത്തുകയായിരുന്നു.
ഡിപി ഗുര്‍ജാര്‍ എന്ന യാത്രക്കാരനാണ് എയര്‍പോര്‍ട്ട് കഫേയില്‍ നിന്ന് ബ്രെഡ് പക്കോഡയും ചായയും ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണ സാധനങ്ങള്‍ കിട്ടി അത് കഴിച്ചു തുടങ്ങിയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച അദ്ദേഹം കണ്ടത്. ബ്രെഡ് പക്കോഡയില്‍ ഒരു ചത്ത പാറ്റ. ഉടന്‍ തന്നെ സംഭവത്തിന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന് പരാതി നല്‍കുകയും ചെയ്തു.
200 രൂപ വിലയുള്ള ബ്രെഡ് പക്കോഡ കഴിച്ചു തുടങ്ങിയപ്പോള്‍ തന്നെ തനിക്ക് അരോചകമായി അനുഭവപ്പെട്ടിരുന്നുവെങ്കിലും വിശപ്പ് മൂലമാണ് കഴിക്കാന്‍ തീരുമാനിച്ചത് എന്നാല്‍, അതിനുള്ളില്‍ നിന്നും ഒരു പാറ്റയെ കണ്ടതോടെ തന്റെ സകല നിയന്ത്രണവും വിട്ടു പോയെന്നും അദ്ദേഹം പറയുന്നു. പാറ്റയെ കണ്ടതോടെ കഫേ ജീവനക്കാരോട് താന്‍ പരാതി പറഞ്ഞെങ്കിലും അവര്‍ അത് മുഖവിലക്കെടുത്തില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.
തുടര്‍ന്ന് ഛര്‍ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിന് പിന്നാലെ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുര്‍ജാര്‍ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്തൊരു ദുരവസ്ഥയാണ് ഇതെന്നും നടപടി വേണമെന്നും നെറ്റിസണ്‍സ് കമന്റുകളില്‍ കുറിച്ചിട്ടുണ്ട്.
Discussion about this post