തൃശ്ശൂർ : തൃശ്ശൂരിൽ ഒരു നാലു വയസ്സുകാരിയുടെ കുസൃതി വീട്ടുകാരെ ആശങ്കയിലാഴ്ത്തിയത് മണിക്കൂറുകളോളം ആണ്. കളിക്കുന്നതിനിടയിൽ വിരൽ ഒന്ന് അടുക്കളയുടെ സിങ്കിനുള്ളിൽ ഇട്ടു നോക്കിയതാണ് കാര്യം. പക്ഷേ ഉള്ളിലേക്ക് കയറിയത് പോലെ വിരൽ പുറത്തേക്ക് വന്നില്ല. ഇതോടെ കുഞ്ഞും പെട്ടു വീട്ടുകാരും പെട്ടു. ഒടുവിൽ അഗ്നിരക്ഷാസേനയെ തന്നെ വിളിക്കേണ്ടിയും വന്നു.
മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ് അടുക്കളയിലെ സിങ്കിനുള്ളിൽ കുടുങ്ങിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ പറ്റുന്ന പോലെയൊക്കെ ശ്രമിച്ചെങ്കിലും വിരൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ ആദ്യം തന്നെ സിങ്ക് അഴിച്ചു മാറ്റി. തുടർന്ന് സിങ്കിന്റെ വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റിയതിനു ശേഷമാണ് കുട്ടിയുടെ വിരല്‍ പുറത്തെടുക്കാൻ കഴിഞ്ഞത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി രാജേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഓപ്പറേഷന്‍. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ഒ. വില്‍സണ്‍ , വി. രമേശ് , വി.വി ജിമോദ് , ഷാജു ഷാജി എന്നിവര്‍ കൂടി ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.
Discussion about this post