ന്യൂഡൽഹി: ഇനി വരാൻ പോകുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ പോകുന്ന സിഇ 20 ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐ എസ് ആർ ഒ. നിർണായകമായ സമുദ്ര നിരപ്പ് പരീക്ഷണം എൻജിൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ എസ് ആർ ഓ വെളിപ്പെടുത്തി. പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിലും രാജ്യത്തിൻ്റെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവിയിലും ഒരു സുപ്രധാന മുന്നേറ്റം എന്നാണ് പരീക്ഷണത്തെ ഏജൻസി വിശേഷിപ്പിച്ചത്.
അതെ സമയം മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനുള്ള ഗഗൻ യാൻ ദൗത്യത്തിന്റെ നിർണായക ഭാഗമായാണ് സിഇ 20 ക്രയോജനിക് എഞ്ചിന്റെ പരീക്ഷണങ്ങളെ ഐ എസ് ആർ ഓ കാണുന്നത്.
ഒരിക്കൽ ഓഫ് ആയതിനു ശേഷം ഓണകാനുള്ള ശേഷി എൻജിൻ കാഴ്ച വച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യങ്ങളുടെ പാതയിലെ നിർണായക ചുവടുവയ്പ്പാണ്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ തദ്ദേശീയമായി വികസിപ്പിച്ച സിഇ20 ക്രയോജനിക് എഞ്ചിന് 19 ടൺ ത്രസ്റ്റ് ലെവലിൽ പ്രവർത്തിക്കാൻ നേരത്തെ കഴിയുമായിരുന്നു. എന്നാൽ ഇത്തവണ 20 ടൺ ത്രസ്റ്റ് ലെവൽ ഉത്പാദിപ്പിക്കാൻ തലത്തിലേക്ക് എൻജിൻ നവീകരിക്കപ്പെട്ടു . ഇതുകൂടാതെ, ഭാവിയിൽ C32 ഘട്ടത്തിനായി 22 ടൺ മെച്ചപ്പെടുത്തിയ ത്രസ്റ്റും ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.
ഇത്തവണത്തെ പരീക്ഷണം വ്യത്യസ്തമാകുന്നത് എൻജിൻ റീസ്റ്റാർട്ട് ചെയ്യാനുള്ള സിഇ 20 യുടെ കഴിവ് തെളിയിക്കപ്പെട്ടത് കൊണ്ടാണ്. ഒരു ക്രയോജനിക് എഞ്ചിൻ പുനരാരംഭിക്കുന്നത് സവിശേഷമായ വെല്ലുവിളികളാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് നോസൽ അടയ്ക്കാതെയുള്ള വാക്വം ഇഗ്നിഷൻ്റെ കാര്യത്തിൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ സങ്കീര്ണതകളെയും അതിജീവിക്കാൻ സി ഇ 20 ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഐ എസ് ആർ ഓ വെളിപ്പെടുത്തി.
ഇതോടു കൂടി ഗഗൻ യാണ് ദൗത്യത്തിന്റെ ഭാഗമായ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യൻ ബഹിരാകാശ ഏജൻസി താണ്ടിയിരിക്കുകയാണ്.
Discussion about this post