ന്യൂഡൽഹി : ദി സബർമതി റിപ്പോർട്ട്സ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടയിൽ ജെഎൻയുവിൽ സദസ്സിന് നേരെ കല്ലേറ്. സമാധാനപരമായി ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർക്ക് നേരെ അജ്ഞാതരായ ആക്രമികൾ കല്ലേറ് നടത്തുകയായിരുന്നു. സംഭവത്തെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ശക്തമായി അപലപിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ആണ് സബർമതി റിപ്പോർട്ടിൻ്റെ പ്രദർശനത്തിന് നേരെയുണ്ടായ കല്ലേറെന്ന് എബിവിപി അഭിപ്രായപ്പെട്ടു. ഇത് ചിത്രം കണ്ടുകൊണ്ടിരുന്ന വ്യക്തികൾക്ക് നേരെയുള്ള ആക്രമണമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും എബിവിപി വ്യക്തമാക്കി.
രാജ്യത്തെ പല പ്രമുഖരും മുൻ ഭരണകൂടങ്ങളും നിശബ്ദമാക്കിവെച്ച പല സത്യങ്ങളെയും വെളിച്ചത്തു കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ദി സബർമതി റിപ്പോർട്ട്സ് എന്നായിരുന്നു എബിവിപി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്. ജെഎൻയു ക്യാമ്പസിനുള്ളിലെ ചില ഭാരതവിരുദ്ധ, ഹിന്ദുവിരുദ്ധ ശക്തികളുടെ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും ആണ് ഇത്തരം കല്ലേറു പോലെയുള്ള പ്രവൃത്തികളിലൂടെ പ്രതിഫലിക്കുന്നത്. അവർ ധർമ്മത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിനെ ഭയപ്പെടുകയാണ് ചെയ്യുന്നത് എന്നും എബിവിപി വ്യക്തമാക്കി.
ഗോധ്രയിൽ സബർമതി എക്സ്പ്രസ് ട്രെയിൻ കത്തിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ദി സബർമതി റിപ്പോർട്ട്സ്.
2002 ഫെബ്രുവരി 27നാണ് അതിദാരുണമായ ഗോധ്ര തീവെപ്പ് അരങ്ങേറിയത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന 59 ഹിന്ദു തീർത്ഥാടകരും കർസേവകരും ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് സബർമതി എക്‌സ്പ്രസിനുള്ളിൽ വെച്ച് ദാരുണമായി വെന്ത് മരിക്കേണ്ടി വന്നത്. തുടർന്ന് നടന്ന ഗുജറാത്ത് കലാപത്തിന് പ്രധാന കാരണമായതും ഗോധ്ര തീവെപ്പ് ആയിരുന്നു.
Discussion about this post