ആലപ്പുഴ: മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ വള്ളിയില്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പൊലീസ്് കേസെടുത്തത്.
മൈക്രോഫിനാന്‍സ് ഇടപാടിലൂടെ ഇവര്‍ മൂന്നു കോടിയിലധികം രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ ഫണ്ടില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തു കൂടിയ പലിശയ്ക്കു പാവപ്പെട്ട സ്ത്രീകള്‍ക്കു നല്കി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുളള കേസ്.
പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി അഞ്ച് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശയ്ക്കു വിതരണം ചെയ്യാന്‍ കോര്‍പ്പറേഷനും ബാങ്കുകളും നല്കിയ പണം 12 മുതല്‍ 18 ശതമാനംവരെ പലിശ ഈടാക്കിയാണ് വായ്പ നല്‍കിയതെന്നും ഇരുവര്‍ക്കുമെതിരായ പരാതിയില്‍ പറഞ്ഞിരുന്നു.
Discussion about this post