ന്യൂഡൽഹി: വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 13 പേർ ബംഗ്ലാദേശ് പൗരന്മാരാണെന്നും വെള്ളിയാഴ്ച ഡൽഹി പൊലീസ് അറിയിച്ചു
ഫെബ്രുവരിക്കും നവംബറിനുമിടയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒന്നിലധികം പാസ്‌പോർട്ട് തട്ടിപ്പ് ശൃംഖലകൾ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ഭൂരിഭാഗവും ബംഗ്ലാദേശ് പൗരന്മാരാണ്
പശ്ചിമ ബംഗാളിന് സമീപമുള്ള മേഘാലയ, ത്രിപുര, അഗർത്തല, ബെനാപോൾ എന്നിവിടങ്ങളിലെ അതിർത്തി പോയിൻ്റുകൾ വഴിയാണ് വിദേശികൾ ഇന്ത്യയിലേക്ക് കടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സംഘങ്ങളാണ് അവർക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ നേടുന്നതിനായി വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നൽകിയതെന്ന് പോലീസ് വ്യക്തമാക്കി
വ്യാജരേഖ ചമച്ച് പാസ്‌പോർട്ട് സ്വന്തമാക്കാൻ വിദേശ പൗരന്മാരുമായി പ്രാദേശിക ഏജൻ്റുമാർ പ്രവർത്തിക്കുകയായിരുന്നു. പാസ്‌പോർട്ട് തട്ടിപ്പ്, അനധികൃത രേഖകൾ വാങ്ങൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിസിപി (ഐജിഐ എയർപോർട്ട്) ഉഷാ രംഗ്‌നാനി പറഞ്ഞു.
2024 മാർച്ചിൽ പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ഓപ്പറേഷനിൽ 21 വ്യാജ പാസ്‌പോർട്ടുകളും വ്യാജ രേഖകളും പോലീസ് പിടിച്ചെടുത്തിരിന്നു.
Discussion about this post