ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കും.
ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികൾ അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകിയത് .
ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു നിർദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിരീക്ഷണം. എന്നാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇതിനെതിരേ രംഗത്ത് വന്നിരുന്നു.
ഈ ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചത് നവംബർ മാസത്തിലാണ്. അന്ന്, വിവിധ കാലങ്ങളിൽ നടക്കുന്ന വിവിധ തിരഞ്ഞെടുപ്പുകൾ രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്ത് അടിക്കടിയുണ്ടാകുന്ന തിരഞ്ഞെടുപ്പുകൾ കാരണം പലപ്പോഴും ശ്രദ്ധയും പണവും അനാവശ്യമായി ചിലവാക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . 1970 കളിൽ അധികാരം നിലനിർത്തുന്നതിന് വേണ്ടി ഇന്ദിര ഗാന്ധി ഇടപെടുന്നത് വരെ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് രാജ്യത്ത് നടന്നു കൊണ്ടിരുന്നത്,
ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സമയവും വിഭവങ്ങളും ലാഭിക്കുമെന്നും ഭരണസംവിധാനത്തിന്റെ ഭാരം കുറയ്ക്കുമെന്നും സർക്കാർ ഉറപ്പിച്ചു പറയുന്നു.
Discussion about this post