ന്യൂഡൽഹി: കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി വിള ഇൻഷൂറൻസ് യോജന എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം തന്നെ കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉതകിയിട്ടുമുണ്ട്. ഇപ്പോഴിതാ കർഷകരായി പുതിയ പുതുവത്സര സമ്മാനം കൂടി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായുള്ള തുക വായ്പയായി നൽകാനാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം. അടുത്തിടെ ബാങ്ക് മേധാവികളുമായി ധനമന്ത്രാലയ അധികൃതർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ യാതൊരു പണയവും കൂടാതെ കർഷകർക്ക് ആവശ്യമായ തുക വായ്പയായി നൽകാൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
കർഷകർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനും അതുവഴി സ്വയം പര്യാപ്തർ ആക്കുന്നതിനും വേണ്ടിയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആർബിഐയുടെ നിർദ്ദേശപ്രകാരം 2025 ജനുവരി ഒന്ന് മുതൽ കർഷകർക്ക് ലോണുകൾ ലഭ്യമായി തുടങ്ങും. നേരത്തെ ഇത്തരത്തിൽ നൽകിവരുന്ന അൺ സെക്യൂർഡ് ലോണിന്റെ പരിധി 1.6 ലക്ഷം ആയിരുന്നു. ഇത് രണ്ട് ലക്ഷമായി ഉയർത്തിക്കൊണ്ടാണ് ഇപ്പോൾ ആർബിഐ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പിലാക്കുന്നത്.
കൃഷി നടത്തിപ്പിനായുള്ള ചിലവ് പരിഗണിച്ചുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം. ഇത് രാജ്യത്തെ 86 ശതമാനത്തോളംവരുന്ന കർഷകർക്കാണ് ഗുണം ചെയ്യുക. രാജ്യത്തെ കർഷകരുടെ എണ്ണം എടുത്താൽ 12 കോടി പേരും ചെറുകിട കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഇവർക്കാണ് ഈ പദ്ധതി ഏറ്റവും കൂടുതൽ ഗുണം ചെയ്യക.
Discussion about this post