തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ പദ്ധതി 2020 യുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന 4 വർഷത്തെ കോഴ്സിന്റെ അന്തസത്ത തകർത്ത് കോളേജുകൾ. വിദ്യാർത്ഥികൾക്ക് അഭിരുചിയനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം രൂപകല്പന ചെയ്യാനുള്ള സൗകര്യം കോളേജുകൾ അട്ടിമറിച്ചതോടെ നാലുവർഷ ബിരുദത്തിന്റെ ലക്ഷ്യം പാളുകയാണ്.
കെമിസ്ട്രിക്കൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നോ, സാഹിത്യവും സംഗീതവും ചേർന്നോ ഏതെങ്കിലും വിഷയം മാത്രമായോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രൂപ്പുകൾ രൂപപ്പെടുത്തിയോ പഠിക്കാമെന്നതായിരുന്നു നാലുവർഷ കോഴ്സിന്റെ മുഖ്യ ആകർഷണം. കോളേജുകൾ ഇഷ്ടവിഷയങ്ങൾ നൽകിയില്ലെങ്കിൽ രണ്ട് ഇഷ്ടവിഷയങ്ങൾ മറ്റേതെങ്കിലും കോളേജുകളിലോ ഓൺലൈനായോ പഠിക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനൊന്നും ഉള്ള സൗകര്യങ്ങൾ ഒരു കോളേജും അനുവദിക്കുന്നില്ല. നൈപുണ്യപരിശീലനം കോഴ്സിന്റെ ഭാഗമാണെങ്കിലും മിക്കയിടത്തും അതിനും സൗകര്യമില്ല.
150ലേറെ ഓപ്ഷനുകളാണ് നാലുവർഷ ബിരുദ കോഴ്സിന് പരിഗണിച്ചിരുന്നത്. 2500 കുട്ടികളുള്ള കോളേജുകളിൽപ്പോലും 17 ഒപ്ഷനുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒപ്ഷനേ അനുവദിക്കാത്ത കോളേജുകളുമുണ്ട്. ആറ് ഗ്രൂപ്പുകൾ നൽകി അതിൽനിന്ന് ഓരോ വിഷയം മാത്രം ഓപ്ഷനായി തിരഞ്ഞെടുക്കാനാണ് പല കോളേജുകളും നിർദ്ദേശിക്കുന്നത്. ഇതോടെ ഇഷ്ടമുള്ള കോഴ്സ് രൂപകല്പനചെയ്യാനുള്ള സാദ്ധ്യത അടഞ്ഞു.
നിലവിലുള്ള അദ്ധ്യാപകരുടെ തൊഴിൽസുരക്ഷയും തസ്കികകളും ഉറപ്പാക്കിയുള്ള ക്രമീകരണമാണ് ഇതിനു കാരണമാകുന്നതെന്നാണ് സൂചന. അതേസമയം അധ്യാപകർക്കും അനധ്യാപകർക്കും ജോലി ഭാരം ഏറുന്നതും. ടൈം ടേബിൾ ക്രമീകരിക്കുന്നതിന് അപ്രായോഗികതയും ഒക്കെയാണ് ഇതിന്റെ കാരണമായി കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടു കൂടി കുട്ടികളാവശ്യപ്പെടുന്ന കോഴ്സ് ഘടന എന്ന പ്രഖ്യാപനം ജലരേഖയായി.
Discussion about this post