ന്യൂയോർക്ക്: ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ. പനി മുതൽ വേദനകൾക്കുവരെ പാരസെറ്റമോൾ കഴിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ ഈ മരുന്ന് ലഭിക്കും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ വേദനകൾ മാറാനും പനിയ്ക്കുമെല്ലാം ഈ മരുന്ന് കൊടുക്കാറുണ്ട്. പാരസെറ്റമോൾ പൊതുവെ സുരക്ഷിതമാണെന്ന ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ ഈ ധാരണ തെറ്റാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പാരസെറ്റമോൾ അധികമായി കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണം ആകുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രത്യേകിച്ച് 65 വയസിന് മുകളിൽ പ്രായുള്ളവർക്ക് പാരസെറ്റമോളിന്റെ ഉപയോഗം ഹൃദയാഘാതത്തിന് വരെ കാരണം ആയേക്കും.
ബ്രിട്ടണിലെ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനം അനുസരിച്ച് 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഹൃദയം, വൃക്ക എന്നിവയുടെ ആരോഗ്യം തകരാറിലാക്കും. ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ദീർഘകാലമായുള്ള മരുന്നുകളുടെ ഉപയോഗം അൾസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണം ആയേക്കാമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
സ്ഥിരമായി പാരസെറ്റമോൾ ഗുളിക ഉപയോഗിക്കുന്ന 1,80,483 രോഗികളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. 65 ന് മുകളിൽ പ്രായമുള്ളവർ ആയിരുന്നു ഇവർ. ഇവരെയും പാരസെറ്റമോൾ ഉപയോഗിക്കാത്ത ഇതേ പ്രായമുള്ള 4,02,478 പേരുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം. ഇതിൽ പാസെറ്റമോൾ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തി.
ഈ മരുന്ന് ഉപയോഗിക്കുന്നവരിൽ ഉപയോഗിക്കാത്തവരെക്കാൾ അസുഖങ്ങൾ വരുന്നതിനുള്ള സാദ്ധ്യത 36 ശതമാനം വരെ കൂടുതൽ ആണെന്നാണ് കണ്ടെത്തൽ. ഗുളിക ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതത്തിനുളള സാദ്ധ്യത 9 ശതമാനം കൂടുതൽ ആണ്. കിഡ്‌നി തകരാറിലാകാനുള്ള സാദ്ധ്യത 19 ശതമാനം കൂടുതൽ ആണെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഡോക്ടർമാരുടെ ഉപദേശം തേടിയ ശേഷം മാത്രമേ പാരസെറ്റമോൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും പഠനം നിർദ്ദേശിക്കുന്നു.
Discussion about this post