ലോകപ്രശസ്ത തബല വിദ്വാനായ ഉസ്താദ് സാക്കിർ ഹുസൈന്റെ മരണത്തിന് കാരണമായത് അപൂർവ ശ്വാസകോശ രോഗം. രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 15ന് അർദ്ധരാത്രിയിൽ ആയിരുന്നു ഉസ്താദ് സാക്കിർ ഹുസൈൻ ജീവൻ വെടിഞ്ഞത്.
ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്ന അപൂർവ്വ ശ്വാസകോശ രോഗമായിരുന്നു സാക്കിർ ഹുസൈന് ഉണ്ടായിരുന്നത്. 200-ലധികം തരം ഇൻ്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങളിൽ ഒന്നായ ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗാവസ്ഥയാണ് ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ്. ഈ രോഗം ഉണ്ടാകുന്നതിനുള്ള കാരണം ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗകാരണത്തിന്റെ കൃത്യമായ ഉത്ഭവം വ്യക്തമല്ലെങ്കിലും, ജനിതക പ്രശ്നങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ആണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നത് എന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ഈ രോഗം കണ്ടുപിടിക്കാനും പ്രയാസമാണ്.
ഈ രോഗാവസ്ഥ ഉണ്ടാകുമ്പോൾ ശ്വാസകോശത്തിലെ അൽവിയോളി എന്നറിയപ്പെടുന്ന ചെറിയ വായു സഞ്ചികൾക്ക് ചുറ്റുമുള്ള ടിഷ്യു കട്ടിയുള്ളതും കടുപ്പമുള്ളതുമായി മാറുന്നു. ഈ കട്ടിയാകുന്ന ടിഷ്യു ഫൈബ്രോസിസുകൾക്ക് കാരണമാകുന്നു. ഇങ്ങനെ സംഭവിക്കുന്നതോടെ ശ്വസിക്കാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്.
ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ശ്വാസ തടസ്സം, വിട്ടുമാറാത്ത വരണ്ട ചുമ, ക്ഷീണം, പെട്ടെന്നുള്ള ഭാരം കുറയൽ എന്നിവയെല്ലാമാണ് ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസിന്റെ സാധാരണ ലക്ഷണങ്ങൾ. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ഈ അവസ്ഥ സാധാരണയായി കണ്ടുവരുന്നത്. പുകവലി, വായുമലിനീകരണം, മരപ്പൊടി, ലോഹപ്പൊടി എന്നിവ പോലെയുള്ളവയുമായുള്ള സമ്പർക്കം, ജനിതക കാരണങ്ങൾ എന്നിവയെല്ലാം ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നതിന് കാരണമാകും.
Discussion about this post