പുനെ: വേറിട്ട ഒരു സൈബര്‍ തട്ടിപ്പിലൂടെ പൊലീസുകാരന് നഷ്ടമായത് ലക്ഷങ്ങള്‍. പുനെയിലെ സസ്വാദിലാണ് സംഭവം. ബേക്കറിയില്‍നിന്ന് പലഹാരം വാങ്ങി ബില്ലടയ്ക്കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പിനിരയായത്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് 18,755 രൂപ അനധികൃതമായി ഡെബിറ്റ് ചെയ്യപ്പെട്ടതായി ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അനധികൃത ഇടപാടില്‍ പരിഭ്രാന്തനായ അദ്ദേഹം തന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ശമ്പള അക്കൗണ്ടില്‍ നിന്ന് 12,250 രൂപ ഉള്‍പ്പെടെ പോയതായി മനസ്സിലാക്കി. അക്കൗണ്ടില്‍ 50 രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്.
തട്ടിപ്പുകാര്‍ ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച് 14,000 രൂപയുടെ രണ്ട് ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചു. ഭാഗ്യവശാല്‍, തന്റെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡും മരവിപ്പിച്ചിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല.
സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്, APK ഫയല്‍ വഴി കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ ഫോണിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാര്‍ പ്രവേശനം നേടിയതിനാലാണ് പണം നഷ്ടമായതെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.
ലിങ്കില്‍ ഇദ്ദേഹം ക്ലിക്ക് ചെയ്തതാകാം പണം നഷ്ടമാകാനുള്ള കാരണമെന്നും സംശയിക്കുന്നു. എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്യുആര്‍ കോഡില്‍ കൃത്രിമം കാണിച്ചതാണോ എന്നതരത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.
Discussion about this post