വടകര: ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച കുളം ദിവസങ്ങൾ കൊണ്ട് ഉപയോഗശൂന്യമായി. വടകര നഗര സഭ 32 ലക്ഷം രൂപക്ക് പദ്ധതി പൂർത്തീകരിച്ച ഇല്ലത്ത് താഴെ കുളമാണ് വെറും ദിവസങ്ങൾ കൊണ്ട് പായൽ പിടിച്ച് ഉപയോഗ ശൂന്യമായത്. പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിന്റെ സമീപത്തുള്ള കുളമാണ് നഗരസഭ നഗരസഭ പുതുക്കി നിർമ്മിച്ചത്. കഴിഞ്ഞ മാസം 29 നാണ് കായിക മന്ത്രി വി അബ്ദു റഹ്മാൻ കുളത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
വൻ തുക ചിലവഴിച്ചെങ്കിലും, നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം ചില കാട്ടികൂട്ടലുകളാണ് നടത്തിയതെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. ഇതിന്റെ പുറകിൽ വൻ അഴിമതിയുണ്ടെന്നും പോലീസ് അന്വേഷണം ആവശ്യമാണെന്നും കാണിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നു. അതെ സമയം കേന്ദ്ര സർക്കാരിന്റെ അമൃത സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുള്ള ഫണ്ട് അനുവദിച്ചത് കൊണ്ട് കേന്ദ്ര സർക്കാർ ഇതിൽ ഇടപെടണം എന്നും ആവശ്യം ഉയരുന്നുണ്ട്.
കൃത്യമായ രീതിയിൽ പായലും മണ്ണുമൊന്നും നീക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോൾ അത് കൂടുതൽ ശക്തമായിരിക്കുകയാണ്. മാത്രമല്ല കുളത്തിൽ നിന്നും നീക്കം ചെയ്ത പായലുകൾ പടികളിൽ തന്നെയാണ് അശ്രദ്ധമായി നിക്ഷേപിച്ചിട്ടുള്ളത്.
30 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ആകെ പണികഴിപ്പിച്ചത് ഒരു ചുറ്റുമതിൽ മാത്രമാണെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നത്. കുളം നവീകരണം എന്നാൽ ജലം മലിനമാകാതെ സൂക്ഷിക്കുക എന്നായിരിക്കെ, അത് ചെയ്യാതെ ഒരു ചുറ്റു മതിൽ മാത്രം പണിത് കൊണ്ട് നാടിനു സമർപ്പിക്കുകയാണ് ചെയ്തതെന്നാണ് വിമർശനം. മാത്രമല്ല നീന്തൽ പഠിക്കുന്നത് നടക്കില്ല എന്ന് മാത്രമല്ല, കുളത്തിലിറങ്ങാൻ പോലും സാധ്യമാകാത്ത വിധത്തിൽ മലിനമാണ് ഇപ്പോൾ കുളത്തിലെ വെള്ളം എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മലിന ജലത്തിലൂടെ മറ്റ് രോഗങ്ങൾ പകരുമോ എന്ന ഭയവും സന്നദ്ധ പ്രവർത്തകർ പങ്കുവെക്കുന്നു.
Discussion about this post