ന്യൂഡൽഹി : ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ . ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സമാജ് വാദി പാർട്ടിയും കോൺഗ്രസും സഭയിൽ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബില്ല് അവതരണത്തിൽ വോട്ടിംഗ് രേഖപ്പെടുത്താൻ സ്പീക്കർ വ്യക്തമാക്കി.
വോട്ടിംഗിൽ 369 പേർ വോട്ട് രേഖരപ്പെടുത്തി. അതിൽ 220 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. 149 പേർ മാത്രമാണ് ബില്ലിനെ എതിർത്തത്. ഭൂരിപക്ഷ പിന്തുണയിൽ ബില്ല് അവതരിപ്പിച്ചു. അങ്ങനെ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർദ്ദേശിച്ചതാണെന്ന് പറഞ്ഞു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബിൽ, 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബിൽ, 2024 എന്നിവ ലോക്സഭയിൽ അവതരിപ്പിച്ച ബഹളത്തിനിടയിലാണ് ഷായുടെ പ്രസ്താവന.
ഈ മാസം ആദ്യമാണ് കേന്ദ്രമന്ത്രിസഭ ‘ഒരു രാഷ്ട്രം , ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് അംഗീകാരം നൽകിയത്. ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അതിന്റെ സഖ്യകക്ഷികളും ബില്ലിനെ പിന്തുണയ്ക്കുമ്പോൾ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർക്കുന്നു.
Discussion about this post