ഡല്‍ഹി: സ്കൂള്‍-കോളേജ് തലത്തിലും ഗവേഷണരംഗത്തും സംസ്കൃതവും വേദപഠനവും ശക്തിപ്പെടുത്തുന്നതിന് പത്തുവര്‍ഷത്തെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളില്‍ സംസ്കൃതം പഠനമാധ്യമമാക്കുന്നതുള്പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന് സമര്‍പ്പിച്ചു.
വേദ-സംസ്കൃത പഠനത്തിനായി സി.ബി.എസ്.ഇ. മാതൃകയില്‍ ദേശീയതലത്തില്‍ പ്രത്യേക വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരിക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. ‘സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വേദ ആന്‍ഡ് സംസ്കൃത് സെക്കന്‍ഡറി എജ്യുക്കേഷന്‍’ എന്നായിരിക്കും പേര്. രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം ചാന്‍സലര്‍ എന്‍. ഗോപാലസ്വാമി അധ്യക്ഷനായ സമിതിയാണ് പദ്ധതി തയ്യാറാക്കിയത്.
11, 12 ക്ലാസ്സുകളില്‍ ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ് വിഷയങ്ങളോടൊപ്പം സംസ്കൃതവും ഉണ്ടാകും. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനകം അഞ്ചുലക്ഷം സംസ്കൃതം അധ്യാപകരെ പരിശീലിപ്പിക്കാനുള്ള മാസ്റ്റര്‍പ്ലാനും ഇതിന്റെ ഭാഗമാണ്. അധ്യാപക പരിശീലനത്തിനായി നാഷണല്‍ സെന്റര്‍ ഫോര്‍ സംസ്കൃത് ടീച്ചേഴ്സ് ട്രെയിനിങ് സ്ഥാപിക്കും.
ബിരുദബിരുദാനന്തര കോഴ്സുകള്‍ സംസ്കൃതത്തിലും പഠിക്കാനാകും. ഗവേഷണപ്രബന്ധങ്ങള്‍ സംസ്കൃതത്തിലും സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. എന്‍ജിനീയറിങ് കോളേജുകള്‍ ഇലക്ടീവ് വിഷയങ്ങളില്‍ സംസ്കൃതവും ഉള്‍പ്പെടുത്തും. ഈവര്‍ഷം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിത്തുടങ്ങും.
സംസ്ഥാനതലത്തില്‍ സംസ്കൃതത്തിനുമാത്രമായി ബോര്‍ഡുകളും സര്‍വകലാശാലകളും സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. 2017-18 അധ്യയനവര്‍ഷം ‘സംസ്കൃത പഠനവര്ഷ’മായി ആഘോഷിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, സാമ്പത്തികശാസ്ത്രം, എന്‍ജിനീയറിങ്, മാനേജ്മെന്റ് വിഷയങ്ങളെ സംസ്കൃതവുമായി സംയോജിപ്പിച്ച് ഭാരതീയ വിജ്ഞാനമേഖല ശക്തിപ്പെടുത്തുക എന്ന കാഴ്ചപ്പാടിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
ഇതിന്റെ ഭാഗമായി സ്കൂള്‍തലത്തില്‍ ത്രിഭാഷാപദ്ധതിയെയും ഹയര്സെക്കന്ഡറിതലത്തിലെ ദ്വിഭാഷാരീതിയെയും കുറിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്കാന് എന്‍.സി.ഇ.ആര്.ടി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധഭാഷകള്ക്ക് ലഭിക്കുന്ന പ്രാധാന്യം വിലയിരുത്താനാണിത്. രണ്ടുതലത്തിലും സംസ്കൃതപഠനം ഉള്‍പ്പെടുത്താനാണ് ആലോചന.
എട്ടു സംസ്ഥാനങ്ങളില്‍മാത്രമാണ് സംസ്കൃത പഠനബോര്ഡുകളോ വിദ്യാഭ്യാസ ഡയറക്ടറേറ്റോ ഉള്ളത്. ബാക്കിയുള്ള സംസ്ഥാനങ്ങളിലും ഇത് സ്ഥാപിക്കാന്‍ നടപടിയെടുക്കും. രാജ്യത്ത് 5,000 പരമ്പരാഗത സംസ്കൃതപാഠശാലകളും ആയിരം വേദപഠനശാലകളുമുണ്ട്. ഇതില്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളുമുണ്ട്. ഇവയെ ശക്തിപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ സംസ്കൃത സ്കൂളുകള്‍ വികസിപ്പിച്ചെടുക്കും.
Discussion about this post