ലഖ്‌നൗ : സംഭലിലെ ക്ഷേത്രത്തെയും സമീപത്തെ കിണറിനെയും കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി പുരാവസ്തു വകുപ്പ് ബുധനാഴ്ച എത്തും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള സംഘം ബുധനാഴ്ച രാവിലെയാണ് സംഭലിലെത്തുക. ഒരു ഉത്ഖനന-പര്യവേഷണ ഉദ്യോഗസ്ഥൻ, അസിസ്റ്റൻ്റ് ആർക്കിയോളജിക്കൽ ഓഫീസർ, ഒരു സർവേയർ എന്നിവരടങ്ങുന്ന സംഘമായിരിക്കും പരിശോധനയ്ക്കായി എത്തുന്നത്.
സംഭലിൽ 1978 മുതൽ അടച്ചിട്ടിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ക്ഷേത്രം വീണ്ടും തുറന്നതോടെയാണ് വിവാദ സംഭവങ്ങൾ ഉണ്ടാകുന്നത്. ഈ പുരാതന ശിവ-ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള ഒരു കിണറ്റിൽ നിന്ന് മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തുകയായിരുന്നു .
ക്ഷേത്രത്തിന് സമീപത്ത് കിണർ കുഴിച്ചത് 20 അടി പിന്നിട്ടപ്പോൾ തകർന്ന വിഗ്രഹങ്ങൾ കണ്ടെടുത്തതായി ഭരണസമിതി പുരാവസ്തു സർവേ സംഘത്തെ അറിയിച്ചു.
സംഭലിലെ കയ്യേറ്റമൊഴിപ്പിക്കലിൻ്റെ ഭാഗമായി ഡിസംബർ 14 നാണ് പുരാതനമായ ശിവ-ഹനുമാൻ ക്ഷേത്രം വീണ്ടും തുറന്നത്. 46 വർഷത്തിന് ശേഷമാണ് ക്ഷേത്രം വീണ്ടും തുറന്നത്.
ക്ഷേത്രത്തിൻ്റെ യഥാർത്ഥ ഘടന പുനഃസ്ഥാപിക്കാനുള്ള പദ്ധതികൾ സംഭാൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരം ശുചീകരിക്കുകയും വൈദ്യുതി ബന്ധം സ്ഥാപിക്കുകയും സിസിടിവി ക്യാമറകൾ അടക്കമുള്ള സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post