ഉത്തരാഖണ്ഡില്‍ ജനുവരി ഒന്നുമുതല്‍ ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി . സ്വാതന്ത്ര്യാനന്തരം എകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്.
” 2025 ജനുവരിയോടെ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ നീതിയുക്തമാക്കി മാറ്റുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ജനുവരിയില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ന് നടന്ന യുഐഐഡിബി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്,” മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി എക്സില്‍ കുറിച്ചു.
സാമൂഹിക സമത്വവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള നാഴികകല്ലായി ഈ നടപടി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാകാനും ഉത്തരാഖണ്ഡിന് ഇതോടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നടപ്പാക്കുന്നതിനായുള്ള ബില്ലിന് ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. ഭരണഘടനയിലെ 201-ാം അനുഛേദപ്രകാരമാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.
ഇതോടെ വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ അവകാശങ്ങളായിരിക്കുമെന്ന് ദാമി പറഞ്ഞിരുന്നു. ഏകീകൃത സിവില്‍കോഡ് നടപ്പിലാകുന്നതോടെ ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, തലാഖ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തും. വിവാഹം സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം. വിവാഹസമയത്ത് പുരുഷന് 21 വയസും സ്ത്രീയ്ക്ക് 18 വയസും പൂര്‍ത്തിയായിരിക്കണമെന്നും ബില്ലില്‍ പറയുന്നു. കൂടാതെ വിവാഹവും വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യണമെന്നും ബില്ലില്‍ വ്യക്തമാക്കി. ഇവ രജിസ്റ്റര്‍ ചെയ്യാത്ത ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ നിഷേധിക്കുമെന്നും ബില്ലിലുണ്ട്.
Discussion about this post