ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണം എന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ. ഖാർഗെ ജിക്ക് സന്തോഷമാകുമെങ്കിൽ രാജി വെക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞ അമിത ഷാ; പക്ഷെ അതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് പരിഹസിച്ചു.
“ഖർഗെ ജി എൻ്റെ രാജി ആവശ്യപ്പെടുന്നു. അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുമായിരുന്നെങ്കിൽ, ഞാൻ രാജിവെക്കുമായിരുന്നു. പക്ഷേ അതോടു കൂടി അദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ അവസാനിക്കില്ല. കാരണം ഞാൻ രാജി വച്ചാലും ഇല്ലെങ്കിലും അടുത്ത 15 വർഷത്തേക്ക് അദ്ദേഹം ഒരേ സ്ഥലത്ത് (പ്രതിപക്ഷത്ത്) ഇരിക്കേണ്ടിവരും. എൻ്റെ രാജി അത് മാറ്റില്ല,” കോൺഗ്രസിനെയും ഖാർഗെയെയും പരിഹസിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു.
അമിത് ഷാ അംബേദ്ക്കറെ അപമാനിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് പരാമർശങ്ങൾ വളച്ചൊടിക്കുകയാണ് എന്ന് വെളിപ്പെടുത്തി അമിത് ഷാ തന്നെ രംഗത്ത് വന്നിരുന്നു. കൂടാതെ അംബേദ്കറെ തകർക്കുവാൻ വേണ്ടി കോൺഗ്രസ് ചെയ്ത പ്രവൃത്തികളെയും അമിത് ഷാ വെളിപ്പെടുത്തി.
ഇന്നലെ മുതൽ, കോൺഗ്രസ് വസ്തുതകൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു, ഞാൻ അതിനെ അപലപിക്കുകയാണ്. കോൺഗ്രസ് ബിആർ അംബേദ്കർ വിരുദ്ധരാണ് അത് സംവരണത്തിനും ഭരണഘടനയ്ക്കും എതിരാണ്. അടിയന്തരാവസ്ഥ ഏർപ്പെടുത്തി എല്ലാ ഭരണഘടനാ മൂല്യങ്ങളും അവർ ലംഘിച്ചു.,” അമിത് ഷാ പറഞ്ഞു.
പതിറ്റാണ്ടുകളായി ഭരിച്ചിട്ടും അംബേദ്കർക്ക് കോൺഗ്രസ് ഭാരതരത്‌ന നൽകിയില്ലെന്നും, 1990-ൽ ബി.ജെ.പി പിന്തുണയുള്ള സർക്കാരാണ് അദ്ദേഹത്തിന് അവാർഡ് നൽകിയതെന്നും ഷാ ചൂണ്ടിക്കാട്ടി.
Discussion about this post