ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ സംഭവിച്ച ആനകളുടെ കൂട്ടമരണം ലോകത്തെ അമ്പരപ്പിച്ചിരുന്നു. 2020ല്‍ സംഭവിച്ച 350 ആനകളുടെ കൂട്ടമരണത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. സയന്‍സ് ഓഫ് ദ് ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണലില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സയാനോ ബാക്ടീരിയ (ബ്ലൂ ഗ്രീന്‍ ആല്‍ഗെ) എന്ന സൂക്ഷ്മജീവിയാണ് 350ല്‍ ഏറെ ആനകളെ കൊന്നതെന്നാണ് വെളിപ്പെടുത്തല്‍.
ലണ്ടനിലെ കിങ്‌സ് കോളജില്‍ നിന്നുള്ള ശാസ്ത്രജ്ഞ സംഘമാണ് പഠനം നടത്തിയത്. ഈ ആനകള്‍ ചരിഞ്ഞുകിടന്ന മേഖലയിലെ ജലാശയങ്ങളിലെ ആല്‍ഗെകളില്‍ നടത്തിയ പഠനത്തിലാണ് ഇതു വെളിവാക്കപ്പെട്ടത്. ഈ ആല്‍ഗെ കലര്‍ന്ന വെള്ളം കുടിച്ചാകാം ആനകള്‍ക്ക് വിഷാംശമേറ്റത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള ബോട്‌സ്വാനയില്‍ ഏകദേശം 130000 ആനകളുണ്ടെന്നാണ്് കണക്ക്. മുമ്പ് വളരെയധികം ആനകളുണ്ടായിരുന്നു എന്നാല്‍ 1979 വരെ ഇവിടെ നിലനിന്ന വമ്പന്‍ ആനവേട്ട ഈ എണ്ണം കുറച്ചു. എണ്‍പതുകളില്‍ പ്രതിവര്‍ഷം ഒരു ലക്ഷം ആനകള്‍ വരെ കൊല്ലപ്പെട്ടുവത്രേ. പിന്നീട് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന വലിയ സംരക്ഷണ യജ്ഞങ്ങളാണ് ആനകളുടെ എണ്ണം ഉയര്‍ത്തിയത്.
ബുഷ് എലിഫന്റ്, ഡെസേര്‍ട്ട് എലിഫന്റ്, ആഫ്രിക്കന്‍ ഫോറസ്റ്റ് എലിഫന്റ് എന്നീ വിഭാഗങ്ങളില്‍ ആഫ്രിക്കന്‍ ആനകള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമിയില്‍ ജീവിക്കാന്‍ പറ്റിയ നിലയിലുള്ള ശാരീരിക സവിശേഷതകള്‍ ഡെസേര്‍ട്ട് എലിഫന്റുകള്‍ക്കുണ്ട്. വിശാലമായ പുല്‍മേടുകളിലാണ് ബുഷ് എലിഫന്റുകളുടെ ആവാസവ്യവസ്ഥ. ബുഷ് എലിഫന്റുകളാണ് ബോട്‌സ്വാനയില്‍ കൂടുതലായി കണ്ടുവരുന്നത്.
Discussion about this post