ന്യൂഡൽഹി : ഡൽഹി സ്ഫോടനക്കേസിൽ മറ്റൊരു സുപ്രധാന അറസ്റ്റ് കൂടി നടത്തി എൻഐഎ. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ഭീകരാക്രമണം നടത്തുന്നതിനുള്ള പദ്ധതിയിൽ ഡോ. ഉമർ നബിയുമായി ഗൂഢാലോചനയിൽ പങ്കെടുത്ത ഡാനിഷ് എന്നറിയപ്പെടുന്ന ജാസിർ ബിലാൽ വാനി ആണ് അറസ്റ്റിൽ ആയത്. ജമ്മുകശ്മീരിൽ നിന്നും ആണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്.
മുമ്പ് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും സാങ്കേതിക അന്വേഷണങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എൻഐഎ സംഘം ശ്രീനഗറിൽ ഉൾപ്പെടെ റെയ്ഡുകളും ചോദ്യം ചെയ്യലുകളും നടത്തിവരികയായിരുന്നു. ഈ സമയം ഡൽഹി ഭീകരാക്രമണത്തിലും ഫരീദാബാദിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിലും ഉള്ള ജാസിർ വാനിയുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
രാജ്യത്ത് കൂടുതൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് ഇയാൾ ഡ്രോണുകളും റോക്കറ്റുകളും നിർമ്മിക്കാൻ ശ്രമിച്ചിരുന്നതായും എൻഐഎ കണ്ടെത്തി. ചാവേർ ബോംബർ ഉമർ ഉൻ നബിയുടെ കൂട്ടാളിയായ ആമിർ റാഷിദ് അലിയെ അന്വേഷണസംഘം കഴിഞ്ഞദിവസം ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ജാസിർ ബിലാൽ വാനിയെ ശ്രീ നഗറിൽ നിന്നും അറസ്റ്റ് ചെയ്തത്.









Discussion about this post